തിരുനബി(സ്വ) സത്യം, സ്നേഹം, സദ് വിചാരം
#തിരുനബി(സ്വ)
സത്യം, സ്നേഹം, സദ് വിചാരം
തിരുനബി(സ്വ)യുടെ ജീവിതത്തെ അനാവരണം ചെയ്യുന്ന സത്യം, സ്നേഹം, സദ് വിചാരം എന്ന കാലിക പ്രസക്തവും പ്രധാനപെട്ടതുമായ കാര്യങ്ങളെ കുറിച്ച് അല്പം കാര്യങ്ങൾ കുറിക്കുകയാണിവിടെ
സംസ്കാരശൂന്യരും മൃഗതുല്യരായി ജീവിച്ചിരുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിൽ പ്രവാചക വെക്തി ജീവിതത്തിലെ വ്യതിരക്തത തികച്ചും വിസ്മയകരമായിരുന്നു,
അവിടുന്ന് സത്യസന്ധതയുടെ പര്യായമായിരുന്നു, കളിവാക്കായി പോലും കള്ളം പറയാനിഷ്ടപ്പെടാതിരുന്ന പ്രകൃതം,
പ്രവാചക സ്വഭാവത്തിലെ ഈ സൗഷ്ഠവം കൊണ്ടായിരിക്കണം ഒരു ജനത അത് വരെ ആർക്കും നല്കിയിട്ടില്ലാത്ത അൽ അമീൻ എന്ന സ്രേഷ്ഠനാമം ബാലനായ മുഹമ്മദി(സ)ൽ ചാർത്തിക്കൊടുത്തത്
യുവാവായിരുന്നപ്പോൾ വ്യാപാരത്തിൽ വ്യാപൃതനായിരുന്ന കാലം സാമ്പത്തിക ഇടപാടുകളിൽ അവിടുന്ന് തികഞ്ഞ സത്യസന്ധത പുലർത്തിപോന്നു, മഹതി ഖദീജയെ മുഹമ്മെദി(സ)ലേക്കു അടുപ്പിച്ചിരുന്ന ഒരു പ്രധാന ഘടകം അവിടുത്തെ സ്വാഭവ വിശുദ്ധി ആയിരുന്നു
അവിടുത്തെ മഹത്വം അറിയണമെങ്കിൽ അന്നത്തെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ച് മതിയായ അറിവുണ്ടായിരിക്കണം, ഡാർക്ക് ഏജ് എന്ന് ചരിത്രം രേഖപ്പെടുത്തിയ, സംസ്കാരം എന്തെന്ന് അറിവില്ലാത്ത അജ്ഞതയും അഹങ്കാരവും അക്രമവും മുഖമുദ്ര ആയി കഴിഞ്ഞ ഒരു ജനത,
മദ്യവും മദിരാക്ഷിയും അവരുടെ ദിനരാത്രങ്ങളെ ത്രസിപ്പിച്ചിരുന്നു, കലഹങ്ങളും കൊലകളും നിത്യസംഭവങ്ങൾ ആയിരുന്നു അന്യരുടെ അവകാശങ്ങൾ ഹനിക്കുന്നതിൽ യാതൊരു അനൗചിത്യവും കാണാത്ത ആ ജനതയുടെ ഇടയിലാണ് മുഹമ്മദ്(സ) ജീവിച്ചു വളര്ന്നത്
എന്ത് കൊണ്ടും വഴി തെറ്റാവുന്ന സാമൂഹിക സാഹചര്യത്തിൽ മഹിതമായ ജീവിത വിശുദ്ധി പുലർത്തി പോന്ന മുഹമ്മദ് നബി(സ), അക്ഷരാഭ്യാസമോ ധാർമിക പാഠങ്ങളോ സ്വായത്തമാക്കാതിരിന്നിട്ടു പോലും മാന്യവും മാതൃകാപരമായ ജീവിതം നയിച്ചു, അധാർമികരായി ജീവിച്ചിരുന്ന അറബികൾക്കിടയിൽ മുഹമ്മദ്(സ) സമാദരണീയനായി വാഴ്ത്തപ്പെട്ടു ,
കലഹങ്ങൾക്കു തീർപ്പു കല്പിക്കുന്നവനും, കനക സൂക്ഷിപ്പുകാരനും ഒക്കെ ആയിരുന്നു അവിടുന്ന്, ആ ജനത അത് വരെ അനുവർത്തിച്ചിരുന്ന വിശ്വാസ ധാരകളെ പ്രവാചകൻ നിരാകരിച്ചു എന്നത് മാത്രമായിരുന്നു സത്യ പ്രബോധനത്തിൽ ആ ജനതയെ പ്രകോപിച്ചത് , അതുവരെ അവരുടെ പ്രിയങ്കരനായിരുന്ന പ്രവാചകൻ സത്യം പറഞ്ഞതിന്റെ പേരിലായിരുന്നു ശത്രുവായി മാറിയത്
സത്യപ്രബോധനം ആരംഭിച്ചത് മുതൽ കണക്കില്ലാത്ത പീഡനങ്ങൾക്കും പ്രയാസങ്ങൾക്കും പ്രവാചകൻ വിധേയനാവുകയുണ്ടായി, എന്നിരുന്നാലും സത്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം തുടർന്ന് പോന്നു,
ഖുറൈശികളുടെ മർദ്ദനത്തിൽ വ്യാകുലനായിരുന്ന പിത്രവ്യന് ഒരുവേള പ്രവാചകനെ തന്റെ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രവാചകൻ(സ) ഉറച്ച സ്വരത്തിൽ പറയുകയുണ്ടായി എന്റെ ഒരു കയ്യിൽ സൂര്യനെയും മറു കയ്യിൽ ചന്ദ്രനെയും വെച്ച് തന്നാൽ പോലും തന്റെ പ്രബോധന പ്രവർത്തനത്തിൽ നിന്ന് മാറുകയില്ല എന്നാണ് ,
പ്രവാചകൻ(സ) പുതുതായി ഒരു ദൈവിക മതസങ്കൽപം ഉണ്ടാക്കിയതായി വിമർശകർ ആരോപിക്കാറുണ്ട്, എന്നാൽ ആദം നബി മുതൽ അള്ളാഹു പ്രവാചകന്മാരിലൂടെ ലോകത്തിനു നൽകിയ സത്യ സന്ദേശത്തിന്റെ പൂർത്തീകരണം പ്രവാചകനിലൂടെ നിവർത്തിക്കുകയാണ് ഉണ്ടായത്.
സ്നേഹം എന്ന വികാരം ഒരു മരീചിക ആയിരുന്ന കാലത്തു പോലും അതിരുകളില്ലാതെ സ്നേഹിച്ചിരുന്ന ഒരു മഹാ മനീഷി ആയിരുന്നു പ്രവാചകൻ(സ), അത് തന്റെ ഉറ്റവരോടും ഉടയവരോടും മാത്രമല്ല, തന്റെ പ്രതിയോഗികളോടും തന്നെ വെറുത്തിരുന്ന ആളുകളോടും പ്രവാചകൻ നിസ്വാർത്ഥമായി സ്നേഹിച്ചിരുന്നു
സമൂഹത്തിൽ അരക്ഷിതരായവരോടും നിരാലംബമായവരോടും അവിടുന്ന് സഹാനുഭൂതിയോടെ ഇടപെട്ടിരുന്നു, അവരെ സഹായിക്കുന്നതിൽ യാതൊരു വൈമനസ്സ്യവും കാണിച്ചിരുന്നില്ല,
ഒരിക്കൽ വലിയതായ ബാണ്ട കെട്ടുമായി വഴിയരികിൽ ചുമട്ടുകാരനെ നോക്കി നിൽക്കുകയായിരുന്ന ഒരു വൃദ്ധയെ പ്രവാചകന്റെ ശ്രദ്ധയിൽ പെട്ടു, ഒന്ന് രണ്ടു പേര് വന്നെങ്കിലും അവരാവശ്യപെട്ട അത്രയും തുക നല്കാൻ അവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല,
പ്രവാചകൻ(സ) വൃദ്ധയെ സമീപിക്കുകയും ഭാരമേറിയ അവരുടെ കെട്ടു ശിരസ്സിലേറ്റി അവരെ അനുഗമിച്ചു അവരുടെ സ്ഥലത്തു എത്തിക്കുകയും ചെയ്തു, വൃദ്ധ തന്റെ കിഴിയിൽ നിന്ന് അല്പം തുക പ്രവാചകന് നേരെ നീട്ടിയെങ്കിലും അവിടുന്ന് അത് സ്നേഹത്തോടെ നിരസിച്ചു, പ്രവാചകന്റെ ഈ സ്വഭാവ മഹിമയിൽ ആകൃഷ്ടരായ വൃദ്ധ പ്രവാചകനെ തിരിച്ചറിയുകയും ഇസ്ലാം പുൽകുകയും ചെയ്തു,
പ്രവാചകന്റെ സ്നേഹം മനുഷ്യരിൽ മാത്രം പരിമിതമായിരുന്നില്ല, സകല ജീവ ജാലങ്ങളോടും അവിടുന്ന് സ്നേഹ വായ്‌പോടെ ഇടപെട്ടു, ലേഖനത്തിന്റെ ദൈർഗ്യം ഭയന്നു ചുരുക്കുന്നു
പ്രവാചകന്റെ അധ്യാപനങ്ങളാകയും മാനവരിൽ സദ്‌വിചാരം വളർത്താനുപകരിക്കുന്നതായിരുന്നു, പ്രവാചക നിയോഗത്തെ കുറിച്ച് വിശുദ്ധ ഖുർആൻ പറയുന്നു "അവരോടു അദ്ദേഹം സദാചാരം കല്പിക്കുകയും ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു, അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കി വെക്കുകയും അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടപ്പം അവതരിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്പറ്റുന്നവരാരോ അവർ തന്നെ ആണ് വിജയികൾ" (The HolyQuran 7:157)
നല്ലതു ചിന്തിക്കുവാനും പ്രവർത്തിക്കുവാനും പ്രവാചകർ നിരന്തരം ഉണർത്തിയിരുന്നു , തെറ്റായ ധാരണകൾ ഊഹാപോഹങ്ങൾ വെച്ചു പുലർത്തുന്നത് അഭികാമ്യമല്ലന്നു തിരുവചങ്ങൾ നമ്മെ ബോധിപ്പിക്കുന്നു
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ചികഞ്ഞു അന്ന്വേഷിക്കുകയും പറഞ്ഞു നടക്കുന്നതിനെയും ഇസ്ലാം വിലക്കുന്നു , എല്ലാറ്റിനും ഘടകം ഹൃദയ വിശുദ്ധിയാണ്. അതിനെ സദ്‌വിചാരത്താൽ വിമലീകരിച്ചവനെ സൽസ്വഭാവിയാവാൻ കഴിയു
പ്രവാചകർ പറയുകയുണ്ടായി , മനുഷ്യ ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി അത് മോശമായാൽ ശരീരം മുഴുവൻ മോശമായി അതത്രെ ഹൃദയം
സമകാലിക ലോകത്തിനു വളരെ പ്രസക്തമായ കാര്യങ്ങളാണ് സത്യം, സ്നേഹം, സദ് വിചാരം എന്നിവയെ കുറിച്ചുള്ള ചിന്തയും പഠനങ്ങളും , പ്രവാചക ജീവിതത്തിലെ തനിമയും നൈതികതയും അറിയാനും അറിയിക്കാനും ഈ അവസരം ഉപയോഗപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ നിറുത്തുന്നു.
സിദ്ധിഖ് എ പി (കുഴിങ്ങര)
Comments
Post a Comment